Thursday, November 4, 2021

വേഗത പോരാ പോരാ ! കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് കെ റയിൽ സിൽവർ ലൈൻ പരിഹാരമാകുമോ?

 

രാജ്യത്തെ ആദ്യത്തെ സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടുകൂടി കൊച്ചി അന്താരാഷ്ത്ര വിമാനത്താവളം നിർമ്മിക്കാൻ 1993ൽ   അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ പദ്ധതി യിട്ടപ്പോൾ പ്രതിപക്ഷ നേതാവ് കെ നായനാർ തിരുവനതപുരത്ത് കിഴക്കേകോട്ടയിൽ നടന്ന ഒരു പൊതു പരിപാടിയിൽ കെ കരുണാകരനെ പരിഹസിക്കുകയാണ് ചെയ്തത്. “ഓന് അറിയില്ല വ്യോമയാനം കേന്ദ്ര സർക്കാരിന്റെ കീഴിലാണെന്നു! നമ്മൾ വിമാനത്താവളം നിർമ്മിച്ചാൽ കേന്ദ്ര അനുമതിലഭിക്കില്ല.” ഇടതു മുന്നണി രാഷ്ട്രീയ പരമായി പദ്ധതിയെ എതിർത്തെങ്കിലും 6 വർഷങ്ങൾക്ക് ശേഷം കെ നായനാർ മുഖ്യമന്ത്രിയായപ്പോൾ രാഷ്ട്രപതി ശ്രീ കെ ആർ നാരായണൻ നെടുമ്പാശ്ശേരി വിമാനത്താവളം ഉൽഘാടനം ചെയ്തു.

വികസന വിരോധികൾ എന്ന ഇടതു പക്ഷവും ഐക്യ ജനാധിപത്യ മുന്നണിയും പരസ്പരം പഴി ചാരുന്ന കാഴ് ചയാണ് പിന്നീട് സംസ്ഥാനം കണ്ടത്.   2003 ആഗോള നിക്ഷേപക സംഗമത്തിൽ സ്വപ് പദ്ധതിയായി അന്നത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രി എം കെ മുനീർ അവതരിപ്പിച്ച കേരളാ എക്സ്പ്രസ്സ് ഹൈവേ പദ്ധതിയെ ആദ്യം മുതലേ എതിർത്ത് തോല്പിക്കാനാണ് ഇടതു പക്ഷ മുന്നണി ശ്രമിച്ചത്. അന്ന് എക്സ്പ്രസ്സ് ഹൈവേ പദ്ധതിയെ എതിർക്കാൻ ഇടതു മുന്നണി ഉന്നയിച്ച ആരോപണങ്ങൾ തന്നെയാണ് ഇപ്പോൾ 600 കി മി ദൂരത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് നീളുന്ന കെ- റെയിൽ സിൽവർ ലൈൻ അർദ്ധ അതി വേഗ പാത പദ്ധതിക്ക് എതിരായി കോൺഗ്രസ്സും ബി ജെ പിയും നിരത്തുന്നത്.   പദ്ധതി സംസ്ഥാനത്തിനെ രണ്ടായി പിളർക്കുമെന്നും, അഴിമതി ലക്ഷ്യം വെച്ചുള്ളതും, പ്രായോഗികമല്ലാത്ത പദ്ധതിയെന്നുമാണ്. ക്വറി മുതലാളിമാരെയും പാറമട ക്കാരുടെയും താല്പര്യം സംരക്ഷിക്കുക യാണ് സർക്കാരിന്റെ നീക്കമെന്നും അവർ ആരോപിക്കുന്നു.

 മുനീർ അവതരിപ്പിച്ച എക്സ്പ്രസ്സ് ഹൈവേ പദ്ധതിയും കെ റെയിൽ പദ്ധതിയും പ്രധാനമായി ലക്ഷ്യമിടുന്നത് യാത്രാസമയം ഗണ്യമായി കുറയ്ക്കാനാണ്. നിലവിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താൻ 15-16 മണിക്കൂർ എടുക്കുന്ന സ്ഥാനത്തു സിൽവർ ലൈനിലൂടെ മണിക്കൂറിൽ 200 കി മി വരെ ഓടുന്ന തീവണ്ടിക്ക് 4 മണിക്കൂറിൽ എത്താൻ സാധിക്കും. മുനീറിന്റെ എക്സ്പ്രസ് ഹൈ വേ പദ്ധതിയിൽ റോഡുകൾ കൂടാതെ ഒരു ബുള്ളറ്റ് ട്രെയിനും വിഭാവനം ചെയ്തിരുന്നു.

ആശങ്കകളും പ്രതീക്ഷകളും

രാജീവ് ഗാന്ധി പ്രധാനമന്ത്രി യായിരുന്ന കാലത്താണ് ദില്ലി മുതൽ ഗ്വാളിയർ വരെ അതിവേഗ തീ വണ്ടി യായ ശതാബ്ദി എക്സ്പ്രസ് ആരംഭിച്ചത്. രാജധാനി, ദുരന്തോ എന്നീ മറ്റു അതിവേഗ തീവണ്ടികൾ പോലെ ശതാബ്ദിയ്ക്കും ഉയർന്ന ടിക്കറ്റു നിരക്കും, പൂർണമായും എസി ബോഗികളുമായതു കാരണം അത് സാധാരണ ജനതക്ക് അപ്രാപ്യ മായിരുന്നു. 2002 ൽ ഈ പോരായ്മ പരിഹരിക്കാനായി ജന ശതാബ്ദി എന്ന ട്രെയിനുകൾ ആരംഭിച്ചത്.  കേരളത്തിൽ ഈ ട്രെയിനിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടക്കത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ നടത്തിയിരുന്ന സർവീസ് പിന്നീട് കോഴിക്കോട്ടേക്കും കണ്ണൂരേക്കും സേവനം നീട്ടി. ഇന്നും കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ 3 മണിക്കൂറിൽ എത്തുന്ന മറ്റൊരു ജനകീയ ട്രെയിനും ഇല്ല. മിതമായ നിരക്ക്, വൃത്തിയുള്ള ബോഗികളും, വേഗതയുമാണ് ജന ശതാബ്ദിയുടെ പ്രധാന ആകർഷണങ്ങൾ.

കൊച്ചി മെട്രോ

കൊച്ചി നഗരത്തിന് അഭിമാനിക്കാവുന്ന പദ്ധതിയാണ് ഉയരത്തിൽ സഞ്ചരിക്കുന്ന  ആകർഷകമായ മെട്രോ തീവണ്ടികൾ. കൊച്ചി നഗരത്തിൽ എത്തുന്നവർ മെട്രോ ട്രെയിനിൽ കയറാനും ലുലു മാൾ സന്ദർശിക്കാൻ ആവേശം കൊള്ളുന്നത് കാണാറുണ്ട്. എന്നാൽ  പ്രതി ദിനം ഒരു കോടി രൂപ നഷ്ടത്തിലാണ് മെട്രോ ഓടുന്നത്. നഷ്ടം കുറയ്ക്കാനായി പുതിയ എം ഡി ലോക്നാഥ് ബെഹ്‌റ (മുൻ ഡിജി പി ) ചില പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു. ഇതിൽ പ്രധാനമായും മെട്രോ സ്റ്റേഷനുകളിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് വാടകക്ക് കൊടുക്കുകയും പരസ്യ വരുമാനവുമാണ് പ്രതീക്ഷ നൽകുന്നത്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ട്രിപ്പികളുടെ എണ്ണം ചുരുക്കാനും തീരുമാനം ആയിട്ടുണ്ട്.
കൊച്ചി പോലെ ഒരു നഗരത്തിനു യോജിച്ചതല്ല മെട്രോ എന്ന വാദിക്കുന്നവർ ഉണ്ട്. ഈ പദ്ധതിക്ക് വേണ്ടി വരുന്ന ഉയർന്ന മൂലധന നിക്ഷേപവും, സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത നിരക്കുമാണ് പദ്ധതി ലാഭകരമാകാത്തതിന് കാരണമെന്നാണ്. കോവിഡിന് മുൻപ് പ്രതിദിനം  ഒരു ലക്ഷം യാത്രക്കാറുണ്ടായിരുന്ന സ്ഥാനത് ഇപ്പോൾ 25000 യാത്രക്കാർ മാത്രമാണ് ഉള്ളത്.

   തിരക്കുള്ള വൈകുന്നേരങ്ങളിലും രാവിലെ യും ഇടപ്പള്ളി മുതൽ എംജി റോഡ് വരെ യുള്ള റോഡിൽ ഇരു വശവും ട്രാഫിക് ഇഴഞ്ഞു നീങ്ങുമ്പോൾ എന്തെ ഈ ബൈക്ക്, കാർ യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നില്ല? ഒരു പക്ഷെ ഈ കരണങ്ങളാകാം തിരുവനന്തപുരത്തു ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാതെ പോയത്.
ജനശതാബ്ദിയുടെ സ്വീകാര്യതയും വിജയവും ജനങ്ങൾ വേഗത കൂടിയ ട്രെയിനുകൾ ഇരുകൈയ്‌യും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷ നൽകുമ്പോൾ കൊച്ചി മെട്രോയുടെ പരാജയം ആശങ്ക ഉളവാക്കുന്നതാണു. .
വെല്ലുവിളികൾ
സിൽവർ
ലൈൻ പദ്ധതി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഭൂമി ഏറ്റെടുക്കലും പുനരധിവാസവുമായിരിക്കും. കേന്ദ്ര ഹൈവേ മന്ത്രാലയം ഇതേ പ്രശ്നങ്ങളാണ് ദേശിയ പാതകകളുടെ വികസനം  നടപ്പാക്കുന്നതിൽ കല താമസം ഉണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. 2020 ഒക്ടോബറിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി 7 ദേശിയ പാതകളുടെ നിർമ്മാണമാണ് ഉതഘാടനം.ചെയ്തത്. 177 കി മി റോഡ് നിർമ്മിക്കാൻ ചിലവാകുന്ന തുക 11,571 കോടി രൂപ യാണ്.
  
 
നിലവിലുള്ള റോഡുകൾ വികസിപ്പിക്കുകയും, ദേശിയ പാത കൾ പുതുതായി നിർമ്മിക്കുകയും റെയിൽ ഗതാഗതത്തിന്റെ വേഗത വർധിപ്പിച്ചും യാത്രാ ദൈർഖ്യം കുറയ് ക്കാനാകുമെന്നു  കെ റയിൽ സിൽവർലൈൻ പദ്ധതിയെ എതിർക്കുനന്നവർ നിരത്തുന്ന ന്യായം.

സിൽവർ ലൈൻ പദ്ധതി നടപ്പാകുന്നതോടെ പ്രതി ദിനം റോഡ് ഉപയോഗിക്കുന്ന 46,206 പേർ സിൽവർ ലൈനിലേക്ക് മാറും,12782 വാഹനങ്ങൾ ആദ്യ വർഷം റോഡിൽ നിന്ന് ഒഴുവാകുന്നതോടെ സംസ്ഥാനത്തു ഗതാഗത കുരുക്ക് ഗണ്യ മായി കുറയും. കെ റയിൽ വെബ്ബ് സൈറ്റിൽ (www.keralarail.com) മിഥ്യയും യാഥാർഥ്യവും എന്ന സെക്ഷനിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് ഉള്ള മറുപടി നൽകിയിട്ടുണ്ട്

നീതി ആയോഗ് പ്രതീക്ഷിക്കുന്ന ചെലവ് 126,000 കോടി രൂപയാണ് എന്നാൽ  കെ റയിൽ പറയുന്നത് മൊത്തം ചെലവ് 63940 കോടി രൂപയിൽ കവിയിലെന്നാണ്.. പാരിസ്ഥിതിക ആഘാത പഠനം നടത്താൻ ഒരു പ്രമുഖ ഏജന്സിയിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ടും, സാമ്പത്തിക ബാധ്യതകളും, പദ്ധതിയിടെ വിശദമായ ചർച്ചകൾക്കും അവലോകങ്ങൾക്കും ശേഷമാകണം അന്തിമ തീരുമാനം എടുക്കേണ്ടത്. ഇന്ത്യൻ റയിൽവേ യുടെ പങ്കാളിത്തം പദ്ധതിയിൽ ഉണ്ടെങ്കിലും വായ്പ തിരിച്ചടവും, ചിലവ് വർധനവിൽ ഉണ്ടായേക്കാവുന്ന ബാധ്യതകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളും പ്രതിഷേധങ്ങളും കേരളത്തിന്റെ വികസനത്തിന്റെ വേഗത കുറക്കുന്നതാകരുത് മറിച്ചു സമവായത്തിൽ എത്താൻ സാധിക്കട്ടെ.